കോഴിക്കോട്: വര്‍ഷങ്ങളായി അടഞ്ഞുകിടന്ന പാളയം സബ്വേയ്ക്ക് ചിത്രവസന്തത്തോടെ പുതുജീവന്‍ കൈവരികയായി.നവീകരണം തീര്‍ത്ത് ജനുവരിയില്‍ തുറക്കാനാവുമെന്നാണ് കോര്‍പ്പറേഷന്‍റെ പ്രതീക്ഷ.
അടിപ്പാതയിലേക്ക് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ചിത്രച്ചുമരും ആസ്വദിക്കാം. വാസ്കോ ഡ ഗാമ മുതല്‍ കഴിഞ്ഞ ദിവസം വിട ചൊല്ലിയ നാടക ചലച്ചിത്രനടി കോഴിക്കോട് ശാരദ വരെ കറുപ്പിലും വെളുപ്പിലുമായി ഇവിടെ നിറയുന്നുണ്ട്. കോഴിക്കോടിന്‍റെ ചരിത്രം കൂടി ഇതള്‍വിരിയുകയാണ് ചിത്രച്ചുമരില്‍. പ്രജീഷ് കന്നാട്ടി, ജയേഷ് കന്നാട്ടി എന്നിവരാണ് ചിത്രങ്ങള്‍ തീര്‍ക്കുന്നത്.
പ്രാദേശിക കലാകാരന്മാര്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇടം ഉറപ്പാക്കുന്ന ആര്‍ട്ട് ഗാലറി കൂടിയുണ്ടാവും സബ്വേയില്‍. ഗാലറിയ്ക്കായുള്ള പ്രവര്‍ത്തി ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. ചിത്രങ്ങള്‍ കൂടാതെ കയറിലും കമ്ബികളിലുമൊക്കെയായി പലതരം ഇന്‍സ്റ്റലേഷനും ഒരുക്കുന്നുണ്ട്.
സബ്വേ കവാടങ്ങളില്‍ പഴയ ഇരുമ്പ് വാതിലും ഗ്രില്ലുകളും മാറ്റി പുതിയവ ഘടിപ്പിച്ചുകഴിഞ്ഞു. പതിവായി വെള്ളം കയറി ചെളിപിടിച്ച ടൈലുകള്‍ മുഴുവന്‍ മാറ്റി. എല്ലായിടത്തും ലൈറ്റുകളായി. സമീപത്തെ ഓവുചാലില്‍ വെള്ളം നിറഞ്ഞ് സബ്വേയുടെ അകത്തേക്ക് വെള്ളം കയറുന്ന പ്രശ്നം ഒഴിവാക്കാന്‍ ശാസ്ത്രീയ ഡ്രെയ്നേജ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
‘നമ്മുടെ കോഴിക്കോട് ‘ പദ്ധതിയുടെ ഭാഗമായാണ് സബ്വേ നവീകരണം. സ്വകാര്യ കമ്ബനിയ്ക്കായിരിക്കും നടത്തിപ്പ് ചുമതല. പാളയം ജംഗ്ഷനിലെ 4 കവാടങ്ങളിലും പരസ്യം വെക്കാനുള്ള അവകാശം കരാര്‍ സ്ഥാപനത്തിന് ലഭിക്കും. പാളയം ജംഗ്ഷനില്‍ റോഡ് മുറിച്ചു കടക്കാന്‍ 1979 80 ല്‍ നിര്‍മ്മിച്ച സബ്വേ നഗരത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് സബ്വേ സമൂഹവിരുദ്ധരുടെ താവളമായതോടെ ആളുകള്‍ താഴേക്ക് ഇറങ്ങാന്‍ തന്നെ മടിച്ചു. സബ്വേ മാലിന്യനിക്ഷേപ കേന്ദ്രം കൂടിയായി മാറിയപ്പോള്‍ അടച്ചുപൂട്ടുകയെന്നതായിരുന്നു അധികൃതരുടെ മറുമരുന്ന്.