സന്നിധാനത്ത് പ്രത്യേക ക്യൂ സംവിധാനം ആരംഭിച്ചു

Latest News

ശബരിമല: തീര്‍ഥാടകത്തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സന്നിധാനത്ത് പ്രത്യേക ക്യൂ സംവിധാനം ആരംഭിച്ചു.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോധികര്‍ക്കും വേണ്ടിയാണ് പ്രത്യേക ക്യൂ ആരംഭിച്ചത്. വലിയ നടപ്പന്തലിലെ ഒമ്പതുവരികളില്‍ ഒന്നാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. മണ്ഡല കാലത്തിന് ദിവസങ്ങള്‍ ബാക്കി സന്നിധാനത്ത് ഉണ്ടാവാന്‍ ഇടയുള്ള തീര്‍ത്ഥാടക തിരക്ക് മുന്നില്‍കണ്ടാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഒരു ലക്ഷത്തിലധികം പേര്‍ ഇന്ന് ദര്‍ശനത്തിനുവേണ്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ സ്പോട്ട് ബുക്കിങ് നടത്തിയും കൂടുതല്‍ തീര്‍ഥാടകരെത്തും. ഇതു കണക്കിലെടുത്താണ് അര്‍ധ രാത്രിമുതല്‍ പ്രത്യേക വരി നടപ്പാക്കിയത്. വരിയില്‍ മുന്‍ഗണനയുള്ളവര്‍ക്കൊപ്പം തീര്‍ഥാടക സംഘത്തിലെ ഒരാളെകൂടി അനുവദിക്കും. കൂട്ടംതെറ്റി പോകുന്നത് ഒഴിവാക്കാനാണിത്. തിരക്കുകൂടുതലുള്ള ദിവസങ്ങളില്‍ മാത്രമാകും ഈ ക്രമീകരണം. മറ്റുള്ള ദിവസങ്ങളില്‍ പഴയ രീതി തുടരും. അതേ സമയം ഞായറാഴ്ച നടപ്പന്തല്‍ ഒഴിഞ്ഞു കിടന്നു. 76,103 പേരാണ് ബുക്ക് ചെയ്ത് എത്തിയത്.വരിനില്‍ക്കാതെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താനായി. മണ്ഡല പൂജയോട് അനുബന്ധിച്ച് തിരക്കുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിലും നിലവിലെ ബുക്കിങില്‍ ഇതുവരെ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. തിങ്കളാഴ്ച 1,04,500, ചൊവ്വ 89,961, 21ന് 86,175, 22ന് 72,917, 23ന് 85,595, 24ന് 87,503 എന്നിങ്ങയൊണ് ബുക്കിങ്. 26ന് വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധനയും 27ന് പകല്‍ 12.30നും ഒരു മണിക്കുമിടയില്‍ തങ്ക അങ്കി ചാര്‍ത്തിയുളള മണ്ഡല പൂജയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *