ന്യൂഡല്‍ഹി: സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ സുപ്രീംകോടതി വരെ എത്തിയതിന് പിന്നാലെ വാട്സ് ആപ്പിന് ബദല്‍ സംവിധാനം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ വികസിപ്പിച്ച സന്ദേശ് എന്ന ആപ്പ് നിലവില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ മാത്രം ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സന്ദേശ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല. പക്ഷേ, താത്പര്യം ഉള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പ് ഉപയോഗിക്കാം. വാട്സ് ആപ്പിന് ഉള്ളതുപോലെ തന്നെ വെബ് വേര്‍ഷനും സന്ദേശിനുണ്ട്. വാട്സ് ആപ്പിന്റെ സ്വകാര്യത നയത്തില്‍ പരക്കേ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ഐടി മന്ത്രാലയം സന്ദേശ് ഉള്‍പ്പെടെ രണ്ട് മെസേജിംഗ് ആപ്പുകളാണ് വികസിപ്പിച്ചിരിക്കുന്നത്. സംവാദ് എന്നാണ് രണ്ടാമത്തെ ആപ്പിന്റെ പേര്. ഇതിന് പുറമേ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആശയവിനിമയത്തിനുവേണ്ടി മാത്രമായി ഗവണ്മെന്റ് ഓഫ് ഇന്ത്യ എംപ്ലോയീസ് ടു കമ്യൂണിക്കേറ്റ് (ജിംസ്) എന്ന ആപ്പും നിര്‍മിക്കുന്നുണ്ട്. നീലയും വെള്ളയും പശ്ചാത്തലമുള്ള സന്ദേശിന്റെ ലോഗോ അശോക ചക്രമാണ്. നിലവില്‍ ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാത്രം ഉപയോഗത്തിനായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്ദേശിലോ സംവാദിലോ ഒന്നില്‍ ഏതെങ്കിലും ഒരു ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമാക്കാനും സാധ്യതയുണ്ട്. വാട്സ് ആപ്പിന്റെ എല്ലാ ഫീച്ചറുകളും സന്ദേശിലുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, ഓഡിയോ, വീഡിയോ കോള്‍, മള്‍ട്ടി മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവയുമുണ്ട്. എന്നാല്‍, വാട്സ് ആപ്പ് വിവാദങ്ങള്‍ക്ക് മുന്‍പേ തന്നെ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ആപ്പുകള്‍ക്ക് വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു എന്നാണ് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തില്‍ നിന്നുള്ള വിവരം.