മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി കോട്ടപ്പടി സ്റ്റേഡിയത്തില്‍ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.ഇതാദ്യമായി ജില്ല ആതിഥ്യമരുളുന്ന ദേശീയ ടൂര്‍ണമെന്‍റിന്‍റെ രണ്ട് വേദികളിലൊന്നാണിത്. ഗ്രൂപ് ബി മത്സരങ്ങളാണ് കോട്ടപ്പടിയില്‍ നടക്കുക. ഗ്രൂപ് എ, സെമി ഫൈനല്‍, ഫൈനല്‍ എന്നിവക്ക് പ!യ്യനാട് സ്റ്റേഡിയവും വേദിയാവും. ദേശീയ പ്രാധാന്യമുള്ള മത്സരങ്ങള്‍ കോട്ടപ്പടിയില്‍ നടക്കുന്നത് ആദ്യമായാണ്.
കുറ്റമറ്റ രീതിയില്‍ സ്റ്റേഡിയം തയാറാക്കാനാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ശ്രമം.മൈതാനത്തിനും ഗാലറിക്കും ഇടയിലെ ഫെന്‍സിങ് സ്ഥാനം മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ടച്ച് ലൈന്‍ കഴിഞ്ഞ് ഫെന്‍സിങ്ങിനിടയില്‍ ത്രോ ഇന്‍ ചെയ്യാന്‍ ആവശ്യമായ സ്ഥലം കുറവാണെന്ന് സ്റ്റേഡിയം സന്ദര്‍ശിച്ച അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഫെന്‍സിങ് പിറകിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മൈതാനത്തെ പുല്ല് വിടവുകള്‍ തീര്‍ക്കല്‍ പ്രവൃത്തികള്‍ താമസിയാതെ നടക്കും. താഴത്തെയും മുകളിലെയും രണ്ടു വീതം ഡ്രസിങ് മുറികളും താരങ്ങള്‍ക്ക് തുറന്നുകൊടുക്കും. സാധാരണ താഴത്തെ മുറികളാണ് ഉപയോഗിക്കാറുള്ളത്.5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് കോട്ടപ്പടി സ്റ്റേഡിയത്തിലേത്. നവീകരിച്ച ശേഷം ഇവിടെ നടന്ന സംസ്ഥാന ഫുട്ബാള്‍ സീനിയര്‍ ചാമ്ബ്യന്‍ഷിപ്പിന് 8000 പേരെ വരെ പ്രവേശിപ്പിച്ചിരുന്നു. കേരളത്തിന്‍റെ മത്സരങ്ങള്‍ പയ്യനാട്ടാണ് നടക്കുന്നതെന്നതിനാലും കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലും അഭൂതപൂര്‍വമായ ജനക്കൂട്ടം പ്രതീക്ഷിക്കുന്നില്ല. ഫ്ലഡ്ലിറ്റ് സംവിധാനമില്ലാത്ത സ്റ്റേഡിയമാണിത്.
പകലായിരിക്കും കോട്ടപ്പടിയിലെ മത്സരങ്ങള്‍. നഗരഹൃദയത്തിലെ സ്റ്റേഡിയത്തിന് പാര്‍ക്കിങ് സൗകര്യമില്ലാത്തതാണ് പ്രധാന വെല്ലുവിളി.ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഉപകമ്മിറ്റി യോഗങ്ങള്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. മത്സരത്തിനും പരിശീലനത്തിനുമായി ഒരുങ്ങുന്ന ഗ്രൗണ്ടുകള്‍ എ.ഐ.എഫ്.എഫ് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ പരിശോധന നടത്തി അഭിപ്രായം അറിയിക്കാനും ഉപകരണങ്ങളുടെ വിവരങ്ങള്‍ തയാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചു.
കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കും. മത്സരസമയത്തും പരിശീലന സമയത്തും കായിക താരങ്ങള്‍ക്ക് ഒരുക്കേണ്ട സുരക്ഷയെ സംബന്ധിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്തു.