സനു മോഹന്‍ നാല് ദിവസംകൂടി
കസ്റ്റഡിയില്‍

Latest News

കാക്കനാട്: വൈഗ കൊലക്കേസില്‍ പ്രതി സനു മോഹനെ നാല് ദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അതേസമയം, സനുവിനെ വിട്ടുനല്‍കണമെന്ന മഹാരാഷ്ട്ര പൊലീസിന്‍െറ അപേക്ഷ കോടതി നിരസിച്ചു. ഇയാളുടെ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാള്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും കളവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കുട്ടിയെ കൊന്നശേഷം സനു മോഹന്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞിരുന്നു. അതിനിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് കളവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനുപുറമെ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയത്.
ഇതിനുപുറമെ, ആലപ്പുഴയിലെ ബന്ധുവീട്ടിലും കൊല ചെയ്യുന്നതിനുമുമ്പ് വൈഗക്ക് ഭക്ഷണം വാങ്ങി നല്‍കിയ ഹോട്ടലിലും തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇവിടെയും എത്തിച്ച് പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും വിചിത്ര രീതിയില്‍ പെരുമാറുന്ന സാഹചര്യത്തില്‍ മനശ്ശാസ്ത്രജ്ഞന്‍െറ സഹായം തേടാനും പൊലീസ് ആലോചിക്കുന്നുണ്ട്.അതേസമയം, സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സനുവിനെ വിട്ടുകിട്ടണമെന്ന മഹാരാഷ്ട്ര പൊലീസിന്‍െറ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *