ബംഗളൂരു:കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടു.മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്‍റെയും പേരുകളാണ് പരിഗണനയിലുള്ളത്.
ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം ഹൈക്കമാന്‍ ഡിനു വിട്ട് യോഗം അവസാനിപ്പിച്ചു. യോഗം നടക്കുന്ന ഹോട്ടലിനു സമീപം സിദ്ധരാമയ്യയുടെയും ഡി. കെ. ശിവകുമാറിന്‍റെയും അണികള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചിരുന്നു.
അതിനിടെ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജഗദീഷ് ഷെട്ടറും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. എംഎല്‍സി ആയി നാമനിര്‍ദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. മുഖ്യമന്ത്രി ആരാകണമെന്നതില്‍ എംഎല്‍എമാരുടെ അഭിപ്രായമാരാഞ്ഞ് നിരീക്ഷകര്‍ എഐസിസി അധ്യക്ഷന് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.സംസ്ഥാനത്തെ സാഹചര്യവും എംഎല്‍എമാരുടെ താത്പര്യവും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കുക. ഇതിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയയെയും രാഹുലിനെയും കണ്ട് ചര്‍ച്ച നടത്തും. സിദ്ധരാമയ്യയെയും ഡി. കെ. ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.ഇന്നലത്തെ യോഗത്തില്‍ സിദ്ധരാമയ്യക്കാണ് കൂടുതല്‍ മുന്‍തൂക്കം എന്നാണ് വിവരം. ഡി.കെ.ശിവകുമാറിനു വേണ്ടി അനുയായികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നടത്തുന്നത്.
