. ടി.ഡി.പി, ജെ.ഡി.യു പ്രധാന വകുപ്പുകള്‍ക്കായി അവകാശവാദം ഉന്നയിച്ചു
. സുപ്രധാന വകുപ്പുകള്‍ ബി.ജെ.പി വിട്ടുനല്‍കാനിടയില്ല
. നിര്‍ണായകപാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് നടന്നേക്കും. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. മൂന്നാംസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ജിവസം ചേര്‍ന്ന എന്‍.ഡി.എ യോഗം തീരുമാനിച്ചിരുന്നു. സഖ്യത്തിന്‍റെ നേതാവായി യോഗം നരേന്ദ്രമോദിയെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടി.ഡി.പി, ജെ.ഡി.യു, ജെ.ഡി.എസ് തുടങ്ങിയ കക്ഷികള്‍ പ്രധാന വകുപ്പുകള്‍ക്കായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നീളുന്നത്.
ഇന്ന് ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വകുപ്പുകള്‍ സംബന്ധിച്ചു ധാരണയാകുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനം, റെയില്‍വേ, ഐടി തുടങ്ങിയ വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുക്കേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചതായാണ് വിവരം.
ആന്ധ്രയ്ക്കു പ്രത്യേക പാക്കേജും പദവിയും വേണമെന്നാണ് ടി.ഡി.പിയുടെ നിലപാട്. അഞ്ച് ക്യാബിനറ്റ് മന്ത്രിപദവി, സഹമന്ത്രി സ്ഥാനങ്ങളും സ്പീക്കര്‍ സ്ഥാനവും ടി.ഡി.പി ലക്ഷ്യമിടുന്നു. 16 എം.പിമാരാണ് ടി.ഡി.പിക്കുള്ളത്.
റെയില്‍വേ, പ്രതിരോധം, കൃഷി, ഗ്രാമവികസനം എന്നിവയാണ് ജെ.ഡി.യു നോട്ടമിടുന്നത്. രാജ്യവ്യാപക ജാതിസെന്‍സസ് നടപ്പാക്കുക, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ജെ.ഡി.യു ഉയര്‍ത്തുന്നുണ്ട്.