സത്യത്തെ മൂടിവയ്ക്കാന്‍ കഴിയില്ല: ഉമ്മന്‍ചാണ്ടി

Top News

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി. ബി.ഐയുടെ ക്ലീന്‍ചിറ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അന്വേഷണഫലത്തെപറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ല.സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.സോളാര്‍ കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ ആരോപണവിധേയരായ എല്ലാവരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും പരാതിയും ഇല്ലായിരുന്നു. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എപ്പോഴുമുള്ളത്.
സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ താന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും നിയമോപദേശം ലഭിച്ചു. എന്നാല്‍ പ്രതിച്ചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകരും താനും ആ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
തന്‍റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്. ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *