കോട്ടയം: ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും പിരിച്ചുവിട്ട താല്‍കാലിക ജീവനക്കാരി സതിദേവിയുടെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
ബുധനാഴ്ച രാവിലെയാണ് ചാണ്ടി ഉമ്മന്‍ സതിദേവിയുടെ വീട്ടിലെത്തിയത്. കുടുംബത്തിന് പ്രതിപക്ഷത്തിന്‍റെ സഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്ന് ജെയ്ക് സി.തോമസ് പ്രതികരിച്ചു. ഉത്തരവ് തന്നെ കാണിച്ചാല്‍ അതിനുള്ള മറുപടി പറയാമെന്നും പിരിച്ചുവിട്ടു എന്ന ഉത്തരവ് താന്‍ കണ്ടില്ലെന്നും ജെയ്ക് പറഞ്ഞു.പുതുപ്പള്ളി സ്വദേശിനിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം.
ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു.11 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന് സതിയമ്മ പ്രതികരിച്ചു.
പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്.
