കൊച്ചി: ആവശ്യം അപക്വമെന്ന കോടതി പരാമര്‍ശത്തിന് പിന്നാലെ, ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിച്ചു.തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ എറണാകുളം സ്വദേശി ബൈജു നോയല്‍ നല്‍കിയ ഹരജിയാണ് പിന്‍വലിച്ചത്.
സി.ബി.ഐയോ കര്‍ണാടക പൊലീസോ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണം അവസാനിപ്പിച്ച് തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതിയില്‍നിന്ന് നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ഇത് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അനുവദിക്കുകയായിരുന്നു.സി.ബി.ഐ അന്വേഷണ ആവശ്യം ഈ ഘട്ടത്തില്‍ അപക്വമാണെന്നും പൊലീസ് റിപ്പോര്‍ട്ട് സ്വീകരിച്ച് മജിസ്ട്രേറ്റ് കോടതി തീര്‍പ്പുണ്ടാക്കിയാല്‍ അതിനെതിരെ ഹരജിക്കാരന് ഹൈകോടതിയെ വീണ്ടും സമീപിക്കാനാവുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.
2022 ജൂലായ് മൂന്നിനാണ് സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ വിവാദ പ്രസംഗം നടത്തിയത്. പത്തനംതിട്ട എസ്.പിയടക്കമുള്ളവര്‍ക്ക് ഹരജിക്കാരന്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്.