പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തടസ്സഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസിന്‍റെ റിപ്പോര്‍ട്ടിനെതിരെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.സജി ചെറിയാനെതിരെയുള്ള ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം ചുമത്തിയിട്ടുള്ള വകുപ്പുകള്‍ നിലനില്‍ക്കുകയില്ല. അതുകൊണ്ട് കേസ് നടപടികള്‍ അവസാനിപ്പിച്ച് എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് കോടതിയെ സമര്‍പ്പിച്ചത്. ഇതിനെതിരെയാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയത്.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ച് ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇതിനെതിരെയുള്ള പരാതിയില്‍ കീഴ് വായ്പൂര്‍ പൊലീസാണ് സജി ചെറിയാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സജി ചെറിയാന്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.