സച്ചിന്‍റെ ഡീപ് ഫേക്ക് വീഡിയോ; ഗെയിമിംഗ് കമ്പനിക്കെതിരെ കേസ്

Top News

ന്യൂഡല്‍ഹി:സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടിയുമായി പൊലീസ്. ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുബൈ പൊലീസ് സൈബര്‍ സെല്ലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരസ്യചിത്രം നിര്‍മ്മിച്ച ഗെയിമിംഗ് കമ്പനിക്കെതിരെയാണ് കേസ്. വീഡിയോ പുറത്തുവിട്ട ഫേയ്സ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിന്‍ തന്‍റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്.ഗെയിമിംഗ് കമ്പനി നിര്‍മിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്‍റെ വെളിപ്പെടുത്തല്‍. സാമൂഹിക മാധ്യമങ്ങള്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശന നടപടിയെടുക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു.സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്‍റെതന്ന പേരില്‍ വീഡിയോ പ്രചരിച്ചത്. ശബ്ദവും ദൃശ്യങ്ങളും സച്ചിന്‍റേതിന് സമാനമായിരുന്നു. മകളായ സാറ ടെണ്ടുല്‍ക്കര്‍ ഗെയിം കളിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സച്ചിന്‍ പ്രതികരണവുമായെത്തിയത്. വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *