തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ വര്‍ധിപ്പിച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.തിരുവനന്തപുരം എസ്.എം.വി സ്കൂളില്‍ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം സ്ഥാനക്കാര്‍ക്ക് 2,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1,500 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1,250 രൂപയുമാണ് നല്‍കുക. ഗെയിംസിനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായി വര്‍ധിപ്പിച്ചു. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു.സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര് അനില്‍, ആന്റണി രാജു എന്നിവര്‍ മുഖ്യ രക്ഷാധികാരികളായ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. 2022 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടക്കും.അത്ലറ്റിക് മത്സരങ്ങളില്‍ 86 വ്യക്തിഗത ഇനങ്ങളും 10 ടീമിനങ്ങളും രണ്ട് ക്രോസ് കണ്ട്രി ഇനങ്ങളും ഉള്‍പ്പെടെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഏകദേശം 2000-ല്‍ പരം കുട്ടികള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ഈ കായികോത്സവത്തില്‍ പങ്കെടുക്കും