തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തീയറ്ററുകള്‍ അടഞ്ഞു കിടന്നിരുന്ന സമയത്താണ് സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം എന്ന ആശയം ചലച്ചിത്ര വികസന കോര്പ്പറേഷന് മുന്നോട്ടുവച്ചത്.
ഈ ആശയത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ തുടര്‍ നടപടികള്‍ വേഗത്തിലായി. കരാറിന് ഏഴ് കമ്ബനികളാണ് രംഗത്തുള്ളത്. ഇതില്‍ ഒരു കമ്പനിയെ അടുത്തമാസം തെരഞ്ഞെടുക്കും. കമ്പനിയെ തെരഞ്ഞെടുത്ത ശേഷം മൂന്ന് മാസംകൊണ്ട് ഒ ടി ടി പ്ലാറ്റ്ഫോം യാഥാര്‍ത്ഥ്യമാക്കാനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തീരുമാനം.
രണ്ടു വര്‍ഷത്തേക്ക് ഒ ടി ടി പ്ലാറ്റ്ഫോം വാടകയ്ക്ക് എടുക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആറ് കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വാടക ഇനത്തില്‍ അടക്കമുള്ള ചെലവാണിത്. കലാമൂല്യം ഉണ്ടെങ്കിലും തീയറ്ററുകളില്‍ ഇടം ലഭിക്കാതെ പോകുന്ന നിരവധി ചിത്രങ്ങള്‍ മലയാള സിനിമയിലുണ്ട്. അതിനാല്തീയറ്ററുകളില് ഇടം കിട്ടാത്ത കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കാകും സര്‍ക്കാര്‍ ഒ ടി ടി യില്‍ കൂടുതല്‍ പരിഗണന ലഭിക്കുക. തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുമുണ്ടാകും. തീയറ്ററുകളിലെ പ്രദര്‍ശന കാലാവധിക്കുശേഷം ഈ ചിത്രങ്ങള്‍ സര്‍ക്കാര്‍ ഒ ടി ടിയിലേക്ക് എത്തും. പ്രൊഡ്യൂസര്‍മാര്‍ക്ക് സാമ്പത്തികപരമായി കൈത്താങ്ങേകുക എന്നതാണ് ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ചലച്ചിത്ര വികസന കോര്പ്പറേഷന് എം ഡി എന്‍ മായ ന്യൂസ് 18 നോട് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ അടക്കമുള്ള ഒ ടി ടി പ്ലാറ്റഫോമുകളേക്കാള് കുറഞ്ഞനിരക്കില്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കുമെന്നും ചലച്ചിത്ര വികസന കോര്പ്പറേഷന് എം ഡി വ്യക്തമാക്കി.