തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും 100 ദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒന്നാം കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കമാകും. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് 20ന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക നൂറുദിന കര്‍മ പരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മ പരിപാടികളാണ് ഒന്നേ മുക്കാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറ് ദിന കര്‍മ്മപരിപാടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും നാളെ മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നുവെന്നും പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.