തിരുവനന്തപുരം: വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളിലടക്കം സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ല എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണ് വിമര്‍ശിക്കുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖല സംസ്ഥാന സര്‍ക്കാരിന് മാത്രം പരമാധികാരമുള്ളതല്ല എന്ന സൂചനയും ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കി. വിദ്യാഭ്യാസം കണ്‍കറന്‍റ് ലിസ്റ്റില്‍പ്പെട്ട കാര്യമാണ്. അതിനാല്‍ നിയമസഭയ്ക്ക് അതില്‍ തനിച്ച് തീരുമാനം എടുക്കാനാകില്ല അദ്ദേഹം പറഞ്ഞു. അതേസമയം സര്‍വകലാശാല ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ റിപ്പബ്ളിക് ദിനത്തിലെ പ്രസംഗത്തിലും പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചിരുന്നു.
സാമൂഹികസുരക്ഷയില്‍ കേരളം രാജ്യത്തിന് മാതൃകയായി എന്ന് പരമാര്‍ശിച്ച അദ്ദേഹം സംസ്ഥാനത്തിന്‍റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നതായും ചൂണ്ടിക്കാട്ടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ലൈഫ് പദ്ധതി, ആര്‍ദ്രം മിഷന്‍ എന്നീ പദ്ധതികളെയും അവ മൂലം വിവിധ മേഖലകളിലുണ്ടായ വളര്‍ച്ചയെക്കുറിച്ചും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചിരുന്നു.
സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശത്തിലടക്കം സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങളോട് വഴങ്ങാത്ത നിലപാടായിരുന്നു ഗവര്‍ണര്‍ ആദ്യം സ്വീകരിച്ചത്. വിഷയത്തില്‍ നിയമോപദേശം അടക്കം സ്വീകരിച്ച അദ്ദേഹം ഒടുവില്‍ സത്യപ്രതിജ്ഞയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. പുതുവര്‍ഷ സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗവും ഗവര്‍ണര്‍ അതേപടി വായിച്ചിരുന്നു.