തിരുവനന്തപുരം: റവന്യു കുടിശ്ശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎജി. അഞ്ച് വര്‍ഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകള്‍ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.
നികുതിഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്ത് മൊത്തം റവന്യു കുടിശ്ശിക 21,797 കോടി. ആകെ വരുമാനത്തിന്‍റെ 22.33 ശതമാനം വരുമിത്. 12 വകുപ്പുകളിലായി അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള 7100 കോടി രൂപ കുടിശ്ശികയുണ്ട്. എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് എത്തിയ 1905 കോടിയുടെ കാര്യത്തിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. 6143.28 കോടി വിവിധ സ്റ്റേകളില്‍ പെട്ടുകിടക്കുന്നുണ്ട്. രണ്ടു രൂപ ഇന്ധനസെസ് വഴി ധനവകുപ്പ് 750 കോടി പ്രതീക്ഷിക്കുമ്പോഴാണ് 7000 കോടിയുടെ വന്‍കുടിശ്ശിക. സ്റ്റേ ഒഴിവാക്കി തുക തിരിച്ചെടുക്കാന്‍ വകുപ്പുതല നടപടി വേണമെന്നും കുടിശ്ശിക പിരിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഡാറ്റാബേസ് ഉണ്ടാക്കണമെന്നും സിഎജി നിര്‍ദ്ദേശിക്കുന്നു.
തെറ്റായ നികുതി നിശ്ചയിച്ച് നല്‍കിയതിലൂടെ ജിഎസ്ടി വഴി സര്‍ക്കാരിന് നഷ്ടം 11.3 കോടിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു