സംസ്ഥാനത്ത് 60 ലക്ഷം തൊഴിലന്വേഷകര്‍: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Latest News

തിരുവനന്തപുരം: എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം’ പദ്ധതി സര്‍വേയിലൂടെ ഏകദേശം 60 ലക്ഷത്തോളം പേരെയാണ് തൊഴിലന്വേഷകരായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി എംവി ഗോവിന്ദന്‍.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഇതില്‍ 15നും 35നും ഇടയില്‍ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ ഉടനെ തൊഴിലിനു പ്രാപ്തമാക്കും. ഒരു വാര്‍ഡില്‍ ഒരു ഉദ്യോഗാര്‍ഥി എന്ന നിലയിലാണ് ആദ്യം തൊഴില്‍ ലഭ്യമാക്കുന്നത്. കൂടാതെ ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയിലൂടെ 80 ശതമാനത്തോളം സംരംഭകരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമാണ്. ചിലരെങ്കിലും ഫയലുകളില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മൂന്നുവര്‍ഷത്തിനപ്പുറം ഒരു ഉദ്യോഗസ്ഥനും ഒരേ സ്ഥാനത്തു തുടരുന്നത് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സേവനം നല്‍കുന്നതില്‍ മാത്രമായി ഒതുങ്ങാതെ തൊഴില്‍ ദാതാവായി മാറണം.കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും നികത്തില്ലെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്നും ഉറപ്പു വരുത്താന്‍ പദ്ധതിയിലൂടെ സാധിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് നമുക്ക് തിരിച്ചു പോകാനാകും. അധികം വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കണമെന്നും മന്ത്രി പറഞ്ഞു.പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാനും നല്ല ആരോഗ്യവും തൊലിവസര സൃഷ്ടിയും ലക്ഷ്യമിട്ടാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കിയതെന്നും മികച്ച പ്രതികരണം സംസ്ഥാനത്ത് ഉടനീളം ലഭിക്കുന്നുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചകൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *