കോഴിക്കോട്: ‘എന്‍റെ തൊഴില്‍, എന്‍റെ അഭിമാനം’ ആദ്യഘട്ടം സര്‍വ്വേയില്‍ സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി എം.വി.ഗോവിന്ദന്‍.തൊഴില്‍ അന്വേഷകരില്‍ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട 3578 പേരും പട്ടികയിലുണ്ടെന്ന് എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.79,647 കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയത്. കുടുംബശ്രീ വളണ്ടിയര്‍മാര്‍ 81,12,268 വീടുകളിലെത്തി വിവരങ്ങള്‍ തേടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാരണം മാറ്റിവെച്ച എറണാകുളത്തെ സര്‍വ്വേ, വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. തൊഴില്‍ അന്വേഷകരുടെ വിശദമായ പ്രൊഫൈല്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടം ഉടന്‍ ആരംഭിക്കും.അധിക യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. തൊഴില്‍ സര്‍വ്വേയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അടുത്തെത്തി, കുടുംബശ്രീ വളണ്ടിയര്‍മാര്‍ ഈ വിവരം തേടും. 40 വയസില്‍ താഴെയുള്ള ബിരുദധാരികളായ തൊഴില്‍ അന്വേഷകരുടെ വിവരം, ജൂലൈ 31നകം പൂര്‍ണ്ണമായി അപ്ഡേറ്റ് ചെയ്യാനാണ് ആദ്യം ലക്ഷ്യമിടുന്നത്.അധിക യോഗ്യത, പ്രവര്‍ത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്താന്‍ കഴിയുന്ന രീതിയിലാകും ആപ്പിന്‍റെ രൂപകല്‍പ്പന