തൃശൂര്‍: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാകാന്‍ സംസ്ഥാന കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലടക്കം പൊതു അഭിപ്രായമുയര്‍ന്നതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെക്കിറങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. സിറ്റിംഗ് എംപിമാര്‍ മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന് കെ. പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇനി ധാരണയുണ്ടാക്കേണ്ടത് എന്നാണ് അറിയുന്നത്.കെ.സുധാകരന്‍ എം പിയായിട്ടുള്ള കണ്ണൂര്‍ മണ്ഡലത്തിലും ആലപ്പുഴയിലും ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എം പിമാര്‍ തന്നെയാകും കളത്തിലെത്തുകയെന്നാണ് വിവരം.
കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് ഉപ സമിതിയെ നിയോഗിക്കാന്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കെ.സുധാകരന്‍, വി.ഡി.സതീശന്‍ , എം.എം.ഹസ്സന്‍ എന്നിവരടങ്ങിയ ഈ സമിതി സിറ്റിംഗ് എം പിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാകും തീരുമാനമെടുക്കുക.