സംസ്ഥാനത്ത് മഴ കുറവ്

Top News

പാലക്കാട്: കാലവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലഭിച്ചത് 48 ശതമാനം കുറവ് മഴ. മേയ് 29നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ കാലവര്‍ഷം എത്തിയതായി സ്ഥിരീകരിച്ചതെങ്കിലും ഈ മാസം ഒന്നുമുതല്‍ ലഭിച്ച മഴയാണ് ഔദ്യോഗികമായി കാലവര്‍ഷക്കണക്കില്‍ ഉള്‍പ്പെടുത്തുക.
ഇതനുസരിച്ച് കേരളത്തില്‍ ഇതുവരെ ലഭിച്ചത് ശരാശരി 62.8 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടത് 120.6 മി.മീറ്ററാണ്.
എല്ലാ ജില്ലയിലും സാധാരണയില്‍ കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 110 മി.മീ. ലഭിച്ച കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഇതാകട്ടെ ശരാശരി ലഭിക്കേണ്ട മഴയില്‍നിന്ന് 36 ശതമാനം കുറവാണെന്ന് കാലാവസ്ഥ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.
സാധാരണയായി കൂടുതല്‍ കാലവര്‍ഷ മഴ ലഭിക്കാറുള്ള കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളില്‍ 60 ശതമാനത്തിലധികം മഴക്കുറവാണ് ഇത്തവണ. പാലക്കാട് ജില്ലയില്‍ 80 ശതമാനമാണ് കുറവ്. തുടക്കം മുതല്‍ വളരെ ദുര്‍ബലമായിരുന്ന കാലവര്‍ഷം വരുംദിവസങ്ങളില്‍ നേരിയ തോതില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും രാജീവന്‍ എരിക്കുളം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *