സംസ്ഥാനത്ത് കോവിഡ് വര്‍ദ്ധനയ്ക്ക് സാധ്യത

Top News

തിരുവനന്തപുരം: അവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനയ്ക്ക് സാധ്യത. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവര്‍ കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണോ എന്നതില്‍ ചര്‍ച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുകയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപനശേഷി കൂടുതലുള്ള ആര്‍ജിത പ്രതിരോധശേഷിയെ മറികടക്കുന്ന ജെ എന്‍ വണ്‍ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക. ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആള്‍ക്കൂട്ടങ്ങളിലേക്ക് മാസ്കുമായി പോവുക, പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ നിന്ന് അകന്ന് നില്‍ക്കണം എന്നിവയാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്.
പുതിയ വകഭേദവും കുട്ടികളെ കാര്യമായി ബാധിക്കുന്നില്ലെന്നതാണ് ആശ്വാസം. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണോ എന്നതില്‍ വിശദമായ ചര്‍ച്ചകള്‍ തുടങ്ങണം. നിലവില്‍ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളത്. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് ജില്ല അടിസ്ഥാനത്തില്‍ കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കാനുള്ള നടപടികളിലാണ് ആരോഗ്യവകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *