കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. മലപ്പുറത്ത് ദേശീയ പാതയില്‍ മണ്ണിടിഞ്ഞും കാസര്‍കോട് ദേശീയ പാതയില്‍ വെള്ളക്കെട്ട് കാരണവും ഏറെ നേരം ഗതാഗതം മുടങ്ങി. പലയിടങ്ങളിലും മരം കടപുഴകി വീണും മണ്ണിടിഞ്ഞും വീടുകള്‍ക്കടക്കം വ്യാപക നാശനഷ്ടമുണ്ടായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകി. അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളമുണ്ടാക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് കനത്ത മഴ തുടങ്ങിയത്. ചാറ്റല്‍മഴയായി ഇന്നലെ രാവിലെയും മഴ തുടര്‍ന്നു. വൈകുന്നേരത്തോടെ മഴ മിക്കയിടങ്ങളിലും ശക്തമായി.മാവൂര്‍ തെങ്ങിലക്കടവ് ആയംകുളത്ത് റോഡ് പൂര്‍ണമായും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. നിരവധി കുടുംബങ്ങള്‍ ഇതേ തുടര്‍ന്ന് ഒറ്റപ്പെട്ടു. തൃശൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ കാക്കഞ്ചേരിക്ക് സമീപം ഇന്നലെ പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏറെനേരം ഗതാഗത തടസ്സമുണ്ടായി. മണ്ണ് മാറ്റിയതിന് ശേഷം പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.
കാസര്‍ക്കോട് ദേശീയപാതയ്ക്ക് സമീപം പുല്ലൂര്‍ – പെരിയ റോഡിലും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം ഉണ്ടായി. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.
കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം ഹോട്ടലിനു മുന്‍പില്‍ മരത്തിന്‍റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ബാലുശേരി വീവേഴ്സ് കോളനിയില്‍ വെള്ളം കയറിയതിനാല്‍ 35 പേരെ മാറ്റിപ്പാര്‍പ്പിച്ചു. . തൊട്ടടുത്ത ഗവ എല്‍.പി.സ്കൂളിലേക്കാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്.
തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇടവിട്ടുളള മഴയില്‍ പല ജില്ലകളിലും മഴക്കെടുതികള്‍ സംഭവിച്ചിട്ടുണ്ട്. പല നദികളിലും ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഇടവിട്ടുളള ശക്തമായ മഴ നഗര, ഗ്രാമ, മലയോര മേഖലകളില്‍ തുടരുകയാണ്. പലയിടത്തും ബുധനാഴ്ച വൈകീട്ടോടെ ശമിച്ച മഴ ഇന്നലെ പുലര്‍ച്ചെയോടെ വീണ്ടും ശക്തമാവുകയായിരുന്നു.
തിരുവനന്തപുരത്ത് വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു വീണു. കൊല്ലം കിഴക്കേ കല്ലടയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. ഓടിട്ട വീടിന്‍റെ കിടപ്പ് മുറിയും അടുക്കളയും പൂര്‍ണമായും തകര്‍ന്നു. വീട്ടുകാര്‍ ഓടി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. പത്തനംതിട്ടയില്‍ കോഴഞ്ചേരി, മല്ലപ്പളളി, അടൂര്‍, റാന്നി, തിരുവല്ല, കോന്നി താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല, കക്കാട് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരനിവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളത്തും കനത്ത മഴ തുടരുകയാണ്. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലുമെല്ലാം വെള്ളക്കെട്ടാണ്.