സംസ്ഥാനത്ത് കണ്ണിലെ വൈറസ് ബാധ വ്യാപിക്കുന്നു

Top News

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണിലെ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു. ഇത് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ചെങ്കണ്ണിന്‍റെ ലക്ഷണങ്ങളുമായി ഇതിന് വളരെ അധികം സാമ്യമാണുള്ളത്.
സാധാരണ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ തന്നെ അസുഖം ഭേദമാകും. അല്ലാത്തവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ചെങ്കണ്ണ് പോലെയുള്ള അസുഖമായതിനാല്‍ ലക്ഷണങ്ങളും ഏകദേശം അതുപോലെ തന്നെയാണ്.
കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍, അസ്വസ്ഥത, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയാണ് ഈ അസുഖത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുനീര്‍ വഴിയാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. ചിലര്‍ക്ക് ഒരു കണ്ണില്‍ മാത്രമായിരിക്കും അസുഖം വരുന്നത്.അസുഖം ബാധിച്ചവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കണ്ണില്‍ മരുന്ന് ഒഴിക്കാന്‍ പാടുള്ളൂ. രോഗമുള്ളവര്‍ക്ക് വെളിച്ചത്തിലേക്കും മറ്റും നോക്കാന്‍ പ്രയാസമുണ്ടെങ്കില്‍ കണ്ണട ഉപയോഗിക്കുന്നത് നല്ലതാണ്.
കണ്ണില്‍ കൈ സ്പര്‍ശിക്കുന്നതിനാല്‍ കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതാണ് നല്ലത്. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. അസുഖബാധിതന്‍ ഉപയോഗിക്കുന്ന സോപ്പും തോര്‍ത്തും മറ്റാരും ഉപയോഗിക്കരുത്.കണ്ണില്‍ നിന്നും ഇടയ്ക്ക് വെള്ളം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍, കണ്ണ് തുടയ്ക്കുന്നതിന് വൃത്തിയുള്ള തുണികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കുക.
കൃഷ്ണമണിയിലേക്ക് അണുബാധ പടര്‍ന്നാല്‍ അത് കാഴ്ചയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍, രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടി മാത്രം മരുന്നുകള്‍ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *