സംസ്ഥാനത്ത് കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്
വേണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന്
ആരോഗ്യമന്ത്രി

Kerala

ഹരോഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യത ഉണ്ടെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടയില്‍ പോകാന്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് രണ്ടാം തരംഗത്തില്‍ പടരുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ച് വേണം ഇളവുകള്‍ നല്‍കേണ്ടതെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും പ്രതിപക്ഷ എംഎല്‍എ കെ ബാബു പറഞ്ഞു.
ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോള്‍ തടയാന്‍ ബാധ്യത പൊലീസിന് ഉണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ അമ്പത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള 57.86 ശതമാനം പേര്‍ക്കും കടയില്‍ പോകണമെങ്കതില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തു തരം നിയന്ത്രണമാണെന്നും സതീശന്‍ ചോദിച്ചു. പ്രമുഖരായ വ്യക്തികള്‍ വരെ നിയന്ത്രണത്തെ വിമര്‍ശിക്കുന്നത് കാണാതെ പോകരുതെന്നും സതീശന്‍ സഭയില്‍ പറഞ്ഞു. തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *