സംസ്ഥാനത്ത് ഇവോള്‍വ്-2023 അന്തര്‍ദേശീയ കോണ്‍ഫറന്‍സിന് തുടക്കം

Latest News

തിരുവനന്തപുരം : ആഗോളതാപനത്തിന്‍റേയും കാലാവസ്ഥ വ്യതിയാനത്തിന്‍റേയും പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ-വാഹനങ്ങളുടെ എണ്ണം 2021 നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്സ്പോയും ആയ ഇവോള്‍വിന്‍റെ രണ്ടാമത്തെ എഡിഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പാരമ്പര്യേതര ഊര്‍ജ്ജത്തിലേക്ക് മാറേണ്ടതുണ്ട്. ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. 1.64 കോടി വാഹന പെരുപ്പമുള്ള സംസ്ഥാനത്ത് 1.48 ശതമാനം വാഹനങ്ങള്‍ മാത്രമാണ് പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് ഓടിക്കൊണ്ടിരിക്കുന്നത്. 2018 ല്‍ തന്നെ ഇ-വാഹന നയം പ്രഖ്യാപിച്ച് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ 30,000 രൂപ സബ്സിഡി നല്‍കുന്നതിന് പുറമേ ഡീസല്‍ ഓട്ടോകള്‍ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനം ആക്കി മാറ്റാന്‍ 15,000 രൂപ വേറെയും സബ്സിഡി അനുവദിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇലക്ട്രിക് തൂണുകളില്‍ ചാര്‍ജര്‍ സംവിധാനം ഒരുക്കാനുള്ള പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി. ഇത്തരത്തില്‍ 1500 ഓളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം യാഥാര്‍ഥ്യമാകും. 70 ഇലക്ട്രിക് കാറുകള്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ ഇ-ബസുകള്‍ നിരത്തില്‍ ഇറക്കാനുള്ള നടപടികളിലാണ് കെ.എസ്.ആര്‍.ടി.സി. മുഴുവനായിട്ടും സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ വിമാനത്താവളം കൊച്ചിയിലാണ്. കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന് ആവശ്യമുള്ള വൈദ്യുതിയുടെ 55 ശതമാനവും സോളാര്‍ പ്ലാന്‍റില്‍ നിന്നാണ് സ്വീകരിക്കുന്നത്. സൗരോര്‍ജ്ജം കൊണ്ട് ഓടുന്ന എ.സി ബോട്ടുകളാണ് കൊച്ചിന്‍ വാട്ടര്‍ മെട്രോയുടെ പ്രത്യേകത.
ചടങ്ങില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു. 40 ഓളം ബസുകള്‍ നിലവില്‍ പുറത്തിറക്കിയ മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ തന്നെ 400 ഇ-ബസുകള്‍ റോഡില്‍ ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യവസായ വകുപ്പ് പാരമ്പര്യേതര ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ആ മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായ വകുപ്പില്‍ ഇ.എസ്.ജി (എന്‍വയോണ്‍മെന്‍റല്‍, സോഷ്യല്‍ ആന്‍റ് ഗവേണന്‍സ്) നയം നടപ്പാക്കും.
ചടങ്ങില്‍ മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, കെ രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ അഹിം ബര്‍കാട്ട്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, എ.ഡി.ജി.പി ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *