സംസ്ഥാനത്ത് ആദ്യമായി ഹെല്‍ത്ത് മേള : ഉദ്ഘാടനം ഇന്ന്

Top News

തൃശ്ശൂര്‍ : സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളിലായി ഹെല്‍ത്ത് മേള സംഘടിപ്പിക്കുന്നത്. ഇ സഞ്ജീവിനി ഒ.പി.ഡി. ടെലി മെഡിസിന്‍, ഹൃദ്രോഗവിഭാഗം, സ്ത്രീരോഗവിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്രോഗ വിഭാഗം, ഇ.എന്‍.ടി., നേത്രരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, വൃക്കരോഗ വിഭാഗം, ആര്‍.ബി.എസ്.കെ. സ്ക്രീനിങ്ങ്, കുഷ്ഠരോഗ പരിശോധന, ജീവിത ശൈലിരോഗ പരിശോധന, ക്ഷയരോഗ പരിശോധന, മാനസികാരോഗ്യ കൗണ്‍സിലിങ്, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ സൗജന്യ മെഡിക്കല്‍ കാംപുകള്‍ മേളയുടെ ഭാഗമായി നടത്തും.
മരുന്ന് വിതരണവും ലാബ് സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടിന് ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചരണ റാലി സംഘടിപ്പിക്കുന്നു. ‘കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും’ എന്ന വിഷയത്തില്‍ ആരോഗ്യ സെമിനാറും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *