സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങി

Latest News

കൊച്ചി :സംസ്ഥാനത്തെ ആദ്യ ശിശുസൗഹൃദ പോക്സോ കോടതി തുറന്നു. എറണാകുളം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയോട് ചേര്‍ന്ന താഴത്തെ നിലയിലാണ് പ്രവര്‍ത്തനം. കളിപ്പാട്ടങ്ങള്‍ ക്രമീകരിച്ചും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളാല്‍ ചുമര്‍ അലങ്കരിച്ചുമാണ് കോടതികെട്ടിടം സജ്ജമാക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ലൈബ്രറിയും ചെറു പാര്‍ക്കുകളും ഭക്ഷണ മുറിയും ഒരുക്കിയിട്ടുണ്ട്. മൊഴി കൊടുക്കാനെത്തുന്ന കുട്ടികളുടെ മാനസിക പ്രശ്നങ്ങളും ബാഹ്യസമ്മര്‍ദങ്ങളും ഒഴിവാക്കാനാണിത്.പ്രതികളെ കുട്ടികള്‍ നേരിട്ട് കാണുന്നത് ഒഴിവാക്കാന്‍ കുട്ടികളുടെ വിസ്താരം പ്രത്യേക കോടതിമുറിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. കുട്ടിയെ ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാകും.ഒരുവശത്തെ കാഴ്ച മാത്രം കാണാവുന്ന ഗ്ലാസ്, കര്‍ട്ടന്‍ എന്നിവയും ഉപയോഗിക്കും.
കോടതിമുറിയില്‍ എത്തുമ്പോഴും പ്രതിയെ കാണാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.മൊഴി രേഖപ്പെടുത്താന്‍ കുട്ടി ജഡ്ജിയുടെ മുന്നില്‍ എത്തുമ്പോള്‍ പ്രതി ഒരുവശം മാത്രം കാണാവുന്ന ഗ്ലാസിന് അപ്പുറമായിരിക്കും. കുട്ടിയുടെ എതിര്‍വശത്തെ കൂട്ടിലാണ് പ്രതി നില്‍ക്കുന്നതെങ്കില്‍ ആ സമയത്ത് കര്‍ട്ടന്‍ സംവിധാനമുപയോഗിച്ചായിരിക്കും ജഡ്ജി കുട്ടിയോട് സംസാരിക്കുക. വനിത-ശിശു വികസനവകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശുസംരക്ഷണ പദ്ധതിയിലൂടെ 69 ലക്ഷം ചെലവഴിച്ചാണ് ശിശു സൗഹൃദ പോക്സോ കോടതി യാഥാര്‍ഥ്യമാക്കിയത്. സംസ്ഥാനത്തെ 28 പോക്സോ കോടതികള്‍ ശിശുസൗഹൃദമാക്കുന്നതിന്‍റെ തുടക്കമാണിത്.
സംസ്ഥാനത്തെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ആരോഗ്യ,കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയായി.ശിശുസൗഹൃദ പോക്സോ കോടതി രാജ്യത്തിന് മാതൃകയാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. കെയര്‍ഹോമുകളില്‍ 18 വയസ്സുവരെ കഴിയുന്നവര്‍ തിരിച്ച് കുടുംബങ്ങളിലെത്തുമ്പോള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാനാവാതെ വരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമെന്ന നിലക്കാണ് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. സോമന്‍ സ്വാഗതം പറഞ്ഞു. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി.പ്രിയങ്ക, ജില്ലാ ഗവ. പ്ലീഡര്‍ മനോജ് ജി.കൃഷ്ണന്‍, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.അനീഷ്.എസ്. രാജ് ആശംസകളര്‍പ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എസ്.സിനി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *