ഇരിങ്ങാലക്കുട : മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റു യുവാവ് മരിച്ചു. അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (23കുട്ടാപ്പി) ആണ് കൊല്ലപ്പെട്ടത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ക്കു സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാല് പേരെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴോടെ ആലുംപറമ്പ് പരിസരത്താണു സംഘര്‍ഷമുണ്ടായത്. ഫുട്ബോള്‍ കളിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നു കരുതുന്നു. ആക്രമിക്കാനെത്തിയ ഒരു സംഘത്തിലെ യുവാക്കള്‍ മാരകായുധങ്ങള്‍ കയ്യില്‍ കരുതിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.