മണിപ്പൂരില്‍ തീവ്രവാദ ഭീഷണി ഇല്ലെന്ന് സൈനിക മേധാവി
ഇംഫാല്‍: മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനം തുടരുന്നു. അതേസമയം സംഘര്‍ഷത്തിന് അയവില്ല. 24 മണിക്കൂറിനിടെ രണ്ട് പോലീസുകാരുള്‍പ്പടെ 10 പേരാണ് കൊല്ലപ്പെട്ടത്.
അമിത് ഷാ ഉന്നതലയോഗംവിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അതിനിടെ മണിപ്പൂരില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നല്‍കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി ഭവനിലെത്തിയാണ് ദ്രൗപദി മുര്‍മുവിന് നിവേദനം കൈമാറിയത്. 12 നിര്‍ദേശങ്ങളടങ്ങിയ നിവേദനത്തില്‍ മണിപ്പൂര്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരാജയമാണെന്ന് ആരോപിക്കുന്നു.
മണിപ്പൂരില്‍ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു.രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് എത്താന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അമിത് ഷായുടെ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പ് മെയ്തെയ് ഗ്രൂപ്പുകളും അസം റൈഫിള്‍സും തമ്മില്‍ വെടിവയ്പുണ്ടായി.
25 ഭീകരരെ തോക്കുകളും ഗ്രനേഡുകളുമായി പിടികൂടിയതായി കരസേന അറിയിച്ചു. വീടുകള്‍ക്കു തീയിട്ടതിന് അടക്കം അക്രമസംഭവങ്ങളില്‍ 20 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സംഘര്‍ഷം വീണ്ടും പടരുന്നതോടെ നൂറുകണക്കിനുപേര്‍ പല ഗ്രാമങ്ങളിലായി ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതരവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മെയ്തെയ്, കുക്കി വിഭാഗങ്ങളെ കരസേന രക്ഷപ്പെടുത്തുന്നുണ്ട്.