സംഗീത വധം: പ്രതിയെ കോടതി റിമാന്‍റ് ചെയ്തു

Latest News

വര്‍ക്കല: പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പള്ളിക്കല്‍ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്തു വീട്ടില്‍ ഗോപു (20) വിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.വടശേരിക്കോണം കുളക്കോട്ട് പൊയ്ക സംഗീത നിവാസില്‍ സജീവിന്‍റയും ശാലിനിയുടെയും മകള്‍ സംഗീത(17) ആണ് ബുധനാഴ്ച പുലര്‍ച്ചെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തുനിന്നും സ്കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. പ്രതിയുടെ പള്ളിക്കലെ വീട്ടില്‍ നിന്നാണ് പുലര്‍ച്ചെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ വര്‍ക്കല കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കൊലപാതകം നടത്തിയതിന് ഐ.പി.സി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതി പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിക്ക് സഹായിയായി മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനും ശേഷം കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരി സിജിതക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ സുഹൃത്തായ പ്രതി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴി മരണപ്പെടുകയായിരുന്നു. നഗരൂര്‍ ശ്രീശങ്കര വിദ്യാപീഠം കോളജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു സംഗീത.

Leave a Reply

Your email address will not be published. Required fields are marked *