ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍. ഇടിമിന്നലിനൊപ്പം അതിശക്തമായി കാറ്റ് വീശുകയായിരുന്നു. പ്രദേശത്തെ 60-ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി വൈദ്യുത പോസ്റ്റുകള്‍ മറിഞ്ഞു വീഴുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. ചില വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വൈദ്യുത ബന്ധവും തടസപ്പെട്ടു. ആളപായമില്ല.ചുഴലിക്കാറ്റില്‍ വ്യാപകനാശമുണ്ടായെന്ന് ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ. ജയപ്രകാശ് പറഞ്ഞു. പ്രദേശം വില്ലേജ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.