ഷീലാസണ്ണിക്ക് നീതി ; എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി

Uncategorized

കൊച്ചി: വ്യാജ ലഹരിക്കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്ക് ഒടുവില്‍ നീതി. ഇവര്‍ക്കെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്‍റെ ഉത്തരവ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് എക്സൈസ് ഷീലയുടെ ബാഗില്‍ നിന്നും 12 എല്‍എസ്ഡി സ്റ്റാംപ് കണ്ടെത്തിയിരുന്നു. 72 ദിവസം ജയിലിലടയ്ക്കുകയും ചെയ്തു. എന്നാല്‍ ഷീലയുടെ ബാഗില്‍ നിന്നും എക്സൈസ് കണ്ടെത്തിയത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന് പിന്നീട് രാസപരിശോധനയില്‍ തെളിഞ്ഞു.ഷീലയ്ക്കെതിരേ കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥന്‍ കെ. സതീശന്‍റെ മൊഴിയും മഹസര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. സംഭവസ്ഥലത്തെ സിസി ടിവി ദൃശ്യവുമായി ചേര്‍ത്ത് പരിശോധിച്ചതില്‍ നിന്ന് മഹസറില്‍ പൊരുത്തക്കേടുള്ളതായി കണ്ടെത്തിയെന്നാണ് വിവരം.സതീശനെ പിന്നീട് സസ്പന്‍ഡ് ചെയ്യുകയുണ്ടായി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വ്യാജമായി കേസില്‍ കുടുക്കിയതില്‍ ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാരും ഷീലയ്ക്ക് ഉറപ്പുനല്‍കി. കേസില്‍ നിന്നൊഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് തന്‍റെ സ്കൂട്ടറും ഫോണും തിരികെ ലഭിക്കും. ഇറ്റലിയില്‍ ജോലികിട്ടി പോകാനിരിക്കെയായിരുന്നു ഷീല കള്ളക്കേസില്‍ കുടുങ്ങിയത്. നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും 72 ദിവസമാണ് ജയിലിലായത്.

Leave a Reply

Your email address will not be published. Required fields are marked *