മുംബൈ : മഹാരാഷ്ട്രയില്‍ ആഗസ്റ്റ് 15നു മുമ്പ് 15 മന്ത്രിമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മന്ത്രിസഭ വികസിപ്പിച്ചേക്കും.ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ണായക ആഭ്യന്തര വകുപ്പ് നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ 30 ന് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ഒന്നരമാസമായിട്ടും തീരുമാനമായിട്ടില്ല. രണ്ടംഗ മന്ത്രിസഭയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
മന്ത്രിമാരെ തീരുമാനിക്കുന്നില്‍ ഷിന്‍ഡെയും ഫഡ്നാവിസും തമ്മില്‍ തര്‍ക്കമുണ്ടെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. മുന്‍ ഉപ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ ആണ് മഹരാഷ്ട്ര പ്രതിപക്ഷ നേതാവ്. ‘ പ്രതിപക്ഷ നേതാവായ അജിത് ഡാഡ അങ്ങനെയൊക്കെ പറയും. അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ 32 ദിവസം അഞ്ചു മന്ത്രിമാരെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുകയാണ്”-എന്നായിരുന്നു ആരോപണങ്ങള്‍ക്ക് ഫഡ്നാവിസിന്‍റെ മറുപടി. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഫഡ്നാവിസ് ഡല്‍ഹിയിലെത്തിയിരുന്നു. എന്നാല്‍ യോഗത്തില്‍ ഷിന്‍ഡെ പങ്കെടുത്തിരുന്നില്ല.
അതിനിടെ, ഒ.ബി.സി സംവരണ വിഷയം സുപ്രീം കോടതി പരിഗണനയിലായതിനാല്‍ മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് വൈകിയതായി പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതിയില്‍ നിന്ന് വ്യക്തത നേടിയ ശേഷം ഒക്ടോബറില്‍ നടക്കും.