തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ രാജിന്‍റെ മരണത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. കഷായത്തില്‍ തുരിശാണ് കലര്‍ത്തിയത്. കൃഷി ആവശ്യത്തിനൊന്നു പറഞ്ഞുവാങ്ങിയതാണിത്. പോസ്റ്റുമോര്‍ട്ടത്തില്‍ കോപ്പര്‍ സള്‍ഫേറ്റിന്‍റെ സാന്നിധ്യം കണ്ടെത്തി.കുറ്റകൃത്യത്തില്‍ ഒരാള്‍ക്ക് കൂടി നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കരുതുന്നു. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു.പാറശാല പോലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്നലെ പെണ്‍കുട്ടിയെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു..ഇതിലാണ് കുറ്റസമ്മതം നടത്തിയത്.