ന്യൂഡല്‍ഹി : ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ മൂന്ന് മാസത്തിനകം ഓഡിറ്റിംഗ് വേണമെന്ന് സുപ്രീംകോടതി. പ്രത്യേക ഓഡിറ്റില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റ് നല്‍കിയ ഹരജി തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.ജസ്റ്റീസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.25 വര്‍ഷത്തെ വരവ് ചെലവ് കണക്ക് വ്യക്തമാക്കണമെന്നാണ് കോടതി ഉത്തരവ്.
ട്രസ്റ്റിനെ ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്‍റെ ദൈനംദിന ചെലവുകള്‍ കൂടി വഹിക്കാന്‍ ട്രസ്റ്റിന് നിര്‍ദേശം നല്‍കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും, സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി വ്യക്തമാക്കിയിരുന്നു. പ്രത്യേക ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്‍റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങള്‍ അറിയിച്ചത്.
ക്ഷേത്രത്തിന്‍റെ ഭരണത്തില്‍ ട്രസ്റ്റ് ഇടപെടാറില്ലെന്നും അതിനാല്‍ ഓഡിറ്റിംഗില്‍നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ട്രസ്റ്റിന്‍റെ ആവശ്യം.