ശ്രീലങ്ക പട്ടിണിയുടെ വക്കില്‍; ചൈനാ വായ്പകള്‍ ചതിച്ചു

Top News

കൊളംബോ: ലോകം കോവിഡ്19 മഹാമാരിയില്‍നിന്നു മുക്തി നേടാന്‍ കിണഞ്ഞു പൊരുതുമ്പോള്‍ അയല്‍ രാജ്യമായ ശ്രീലങ്കയില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. കോവിഡിന്‍റെ കെണിയില്‍പ്പെട്ട ദ്വീപ് കടുത്ത സാമ്പത്തിക ദുരന്തത്തിന്‍റെ ഭീതിയിലാണ്. അതിന്‍റെ ഫലമായുണ്ടായ ഭക്ഷ്യപ്രതിസന്ധി ലങ്കന്‍ ജനതയെ പട്ടിണിയുടെ വക്കില്‍ എത്തിച്ചുകഴിഞ്ഞു. ഇതോടെ ചൈനയുടെ പിടി കൂടുതല്‍ മുറുകുമെന്നാണ് കരുതുന്നത്. കാരണം, വന്‍ തോതിലുള്ള വായ്പകള്‍ക്ക് ചൈനയ്ക്കു പലിശകൊടുത്തു നട്ടംതിരിയുകയാണ് ഇപ്പോള്‍ത്തന്നെ ശ്രീലങ്ക, അവിടുത്തെ വിമാനത്താവളം അടക്കമുള്ളവയുടെ നടത്തിപ്പും ചൈന ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രണ്ടാഴ്ച മുമ്പ് ശ്രീലങ്കയില്‍ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുകയാണ് ലക്ഷ്യം. എന്നാല്‍ അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ അത്യാവശ്യവസ്തുക്കള്‍ പോലും കിട്ടാനില്ലാതെ നട്ടംതിരിയുകയാണ് രാജ്യം. കോവിഡ് കാലത്ത് സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ തീര്‍ത്തും പാളിപ്പോയതാണ് രാജ്യത്തെ ഈ അവസ്ഥയിലേക്കു തള്ളിവിട്ടത്. ഒപ്പം ചൈനയില്‍നിന്നെടുത്ത വായ്പകളും കുരുക്കായി. വരുമാനത്തിന്‍റെ എണ്‍പതു ശതമാനത്തിലേറെയാണ് പലിശയിനത്തില്‍ തിരിച്ചടയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിദേശനാണ്യശേഖരമാവട്ടെ ഗണ്യമായി കുറഞ്ഞു. രണ്ടു മാസത്തേക്കുള്ള ഇറക്കുമതിക്കു മാത്രമേ ഇതുതികയൂ എന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശക്കടം ആഭ്യന്തരഉത്പാദനത്തെക്കാള്‍ എത്രയോ അധികം. വിദേശനാണ്യശേഖരം സംരക്ഷിക്കാന്‍ ഇറക്കുമതി കുറച്ചു നോക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ടൂറിസമാണ് ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ല്. കോവിഡ് വന്നതോടെ ടൂറിസം മേഖല തകര്‍ന്നടിഞ്ഞു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഖ്യകാരണം. രാജ്യത്തേക്കുള്ള യാത്രാവിലക്കുകള്‍ നീക്കാന്‍ തുടങ്ങിയെങ്കിലും കോവിഡും മറ്റു പല സുരക്ഷാ കാരണങ്ങളും നിമിത്തം ടൂറിസ്റ്റുകളുടെ വരവ് കുറവാണ്.അതിനിടെയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവര്‍ണര്‍ വെലി ഗാമേജ് ഡോണ്‍ ലക്ഷ്മണന്‍റെ രാജി പ്രഖ്യാപനം. സര്‍ക്കാരുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്ന് കരുതുന്നു. 2019 ഡിസംബറിലാണ് അദ്ദേഹം ചുമതലയേറ്റത്. സര്‍ക്കാരിനാവട്ടെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെ കണ്ടെത്താനായിട്ടുമില്ല. രാജിതീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം എണ്‍പതാം ജന്മദിനത്തില്‍ വിരമിക്കാനായിരുന്നു ആഗ്രഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സംഭവങ്ങള്‍ തീരുമാനം വേഗത്തിലാക്കിയെന്നേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *