കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവെച്ചിട്ടും കലാപമണയാതെ ശ്രീലങ്ക. കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭരണപക്ഷ സാമാജികരുടെയും നേതാക്കന്മാരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി.പ്രക്ഷോഭകരെ തടയാന്‍ സൈന്യത്തിനും പൊലീസിനും പ്രസിഡന്‍റ് ഗോടബയ രാജപക്സ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. ആരെയും വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാം.
കലാപം നടത്തുന്നവര്‍ക്കെതിരെയും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെയും വെടിവെക്കാന്‍ സൈന്യത്തിനും പൊലീസിനും അധികാരം നല്‍കി.പൊലീസിനു കൈമാറുന്നതിനു മുമ്പായി ആരെയും 24 മണിക്കൂര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും സ്വകാര്യ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനും സ്വകാര്യ വാഹനങ്ങള്‍ പിടിച്ചെടുക്കാനും സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്. അതേസമയം, സൈന്യത്തിന് നല്‍കിയ അമിതാധികാരം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അക്രമങ്ങളിലായി ഇതുവരെ ഏഴു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രക്ഷോഭം ശക്തമായതോടെ കഴിഞ്ഞദിവസം പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ച് ഇന്ത്യ. അടുത്ത അയല്‍ രാജ്യമെന്ന നിലയില്‍ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കും. ഭക്ഷണവും മരുന്നും ഇനിയും എത്തിച്ച് നല്‍കും. നിലവില്‍ 26,000 കോടിയുടെ സഹായം ഇതുവരെ ഇന്ത്യ ലങ്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
