ചെന്നൈ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളെത്തി തുടങ്ങി.ഭക്ഷണവും സുരക്ഷിതമായ ജീവിതവും തേടിയാണു പാക്ക് കടലിടുക്ക് കടന്ന് ആളുകള്‍ രാമേശ്വരത്തേക്കെത്തുന്നത്. ഇന്നലെ രാമേശ്വരം ഉള്‍ക്കടലില്‍ കുടുങ്ങിക്കിടന്ന ആറംഗ സംഘത്തെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 12 വര്‍ഷത്തിനു ശേഷമാണ് ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളെത്തുന്നത്.പണം നല്‍കിയാല്‍ പോലും ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ ശ്രീലങ്കയിലുള്ളത്.പേനയും പേപ്പറുമില്ലാത്തതിനാല്‍ സ്കൂളുകള്‍ വാര്‍ഷിക പരീക്ഷ പോലും റദ്ദാക്കിയിരിക്കുകയാണ് .
ഭക്ഷണം പോലും ലഭിക്കാടെ വന്നതോടെ ആളുകള്‍ രാജ്യം വിട്ടുതുടങ്ങി.രാമേശ്വരത്തിനു സമീപം കടലിലെ ചെറിയ ദ്വീപില്‍ കുടുങ്ങിക്കിടന്ന ആറംഗ സംഘത്തെയാണു കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്. യുവാവും ഭാര്യയും 4 മാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുമാണെത്തിയത്. അന്‍പതിനായിരം രൂപ മനുഷ്യക്കടത്ത് സംഘത്തിനു നല്‍കിയാണ് ഇവര്‍ ശ്രീലങ്ക വിട്ടത്. രാമേശ്വരത്തിനു കിലോമീറ്ററുകള്‍ക്കപ്പുറത്ത് അരിച്ചല്‍മുനൈയിലെ വിജനമായ ദ്വീപില്‍ ബോട്ടുകാര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു. കടല്‍ കടക്കാന്‍ തയാറായി നിരവധിപേര്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കു പണം നല്‍കി കാത്തിരിക്കുന്നതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രാമേശ്വരം മണ്ഡപത്തെ ശ്രീലങ്കന്‍ തമിഴര്‍ക്കായുള്ള അഭയാര്‍ഥി ക്യാംപിലേക്കു പിന്നീട് ഇവരെ മാറ്റി. തമിഴ് പുലികളുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചതിനുശേഷം ഇതാദ്യമായാണു ലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളെത്തുന്നത്.