ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര നാണ്യ നിധി ശ്രീലങ്കയ്ക്ക് ധനസഹായം നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചുകൊണ്ടുള്ള കത്ത് കൈമാറി.ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിച്ചു. ഇന്ത്യ എന്നും അയല്‍രാജ്യത്തിനൊപ്പമായിരിക്കുമെന്നും ആപല്‍ഘട്ടങ്ങളില്‍ പൂര്‍ണ സഹായമുണ്ടാകുമെന്നും സന്ദര്‍ശന വേളയില്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അയല്‍രാജ്യങ്ങളെ സഹായിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ മനസാണ് തന്നെ കൊളംബോയിലെത്തിച്ചതെന്നും ജയ്ശങ്കര്‍ പറഞ്ഞു.
ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയ്ക്കാണ് കേന്ദ്രധനകാര്യമന്ത്രാലയം കത്തയച്ചത്. കടക്കെണിയില്‍ മുങ്ങിയ ശ്രീലങ്കയുടെ നിലവിലെ അവസ്ഥകള്‍ എണ്ണി പറഞ്ഞാണ് കത്ത് അയച്ചിരിക്കുന്നത്. ഒപ്പം എല്ലാവിധ സഹായസഹകരണങ്ങളും ഭാരതം നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് വഴിയാകും കടം അടയ്ക്കാന്‍ ശ്രീലങ്കയെ സഹായിക്കുകയെന്നും കത്തില്‍ പറയുന്നു.
വികസനമെന്ന പേരില്‍ നിര്‍മ്മിച്ച തുറമുഖവും ചൈനീസ് ബാങ്കുകളില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്തതുമാണ് ശ്രീലങ്കയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം. ഒരു രാജ്യത്തെ സഹായിച്ച് മുടുപ്പിക്കുകയാണ് ചൈന ചെയ്തതെന്നാണ് വിദഗ്ധര്‍ പോലുംപറയുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക-വാണിജ്യ തകര്‍ച്ച അതിഭീകരമെന്നും വിദഗ്ധര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഭീകരമായ നിര്‍മിതികളും മറ്റും ശ്രീലങ്കയില്‍ നിര്‍മ്മിച്ചതിന് പിന്നാലെ ചൈന തടിതപ്പുകയാണുണ്ടായത്.