ശ്രീലങ്കന്‍ പ്രസിഡന്‍റിന് രാഷ്ട്രീയഅഭയം നല്‍കിയിട്ടില്ലെന്ന് സിംഗപ്പൂര്‍ ഭരണകൂടം

Latest News

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യത്തെത്തിയത് സ്വകാര്യ സന്ദര്‍ശനത്തിന്‍റെ ഭാഗമെന്നും അദ്ദേഹത്തിന് രാഷ്ട്രീയഅഭയം നല്‍കിയിട്ടില്ലെന്നും സിംഗപ്പൂര്‍ ഭരണകൂടം.അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം രാജ്യത്തെത്തിച്ചേരുന്നതിനു മുമ്പാണ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്.രാജപക്സെക്ക് സ്വകാര്യ സന്ദര്‍ശനത്തിന് അനുമതി നല്‍കിയ കാര്യം സ്ഥിരീകരിച്ചതായി സിംഗപ്പൂര്‍ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.അദ്ദേഹം രാഷ്ട്രീയഅഭയം ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ നല്‍കിയിട്ടുമില്ല. സാധാരണ സിംഗപ്പൂര്‍ ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുക പതിവുമില്ല- പ്രസ്താവനയില്‍ പറയുന്നു.ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സൗദി അറേബ്യ വഴി രാജപസ്കെ സിംഗപ്പൂരെത്തിയത്.അദ്ദേഹം സിംഗപ്പൂരില്‍ കുറച്ചുസമയമുണ്ടാകും അവിടെനിന്ന് യുഎഇയിലേക്ക് പോകുമെന്ന് ശ്രീലങ്കന്‍ സുരക്ഷാഏജന്‍സി അറിയിച്ചു.ചൊവ്വാഴ്ചയാണ് അദ്ദേഹം കൊളംബോയില്‍നിന്ന് മാലദ്വീപിലെത്തിയത്.ശ്രീലങ്കയില്‍ കുഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. കുതിച്ചുയരുന്ന സാധനവിലയും ക്ഷാമവും ജനജീവിതം ദുസ്സഹമാക്കിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രോഷാകുലരായ ജനങ്ങള്‍ പ്രസിന്‍ഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കയറി. പ്രധാനമന്ത്രിയുടെ വീട് തീവച്ച് നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *