ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സംഭവ വികാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വിവിധ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണിത്.നാളെ വൈകീട്ട് സര്‍വകക്ഷി യോഗം വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. യോഗത്തില്‍ ശ്രീലങ്കയിലെ സാഹചര്യവും ഇന്ത്യ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും കേന്ദ്രമന്ത്രിമാര്‍ വിശദീകരിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരാണ് യോഗത്തില്‍ വിശദീകരണം നല്‍കുക.പാര്‍ലമെന്‍റിന്‍റെ മഴക്കാല സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ ഡിഎംകെ, അണ്ണാഡിഎംകെ എംപിമാര്‍ ശ്രീലങ്കയിലെ സാഹചര്യം മുന്നോട്ടുവച്ചു. അയല്‍ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഏഴ് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.ഒട്ടേറെ തമിഴ് വംശജരുള്ള രാജ്യം കൂടിയണ് ശ്രീലങ്ക. തമിഴ് വംശജരുടെ വിഷയമാണ് തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടു പാര്‍ട്ടികളും യോഗത്തില്‍ ഉന്നയിച്ചത്. എഐഎഡിഎംകെ എംപി എം തമ്പിദുരൈ, ഡിഎംകെ എംപി ടിആര്‍ ബാലു എന്നിവര്‍ ശ്രീലങ്കയില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ ധരിപ്പിച്ചു. നേരത്തെ പലതവണ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്‍റ് ഗോതബായ രാജപക്സെ വിദേശത്തേക്ക് കടക്കുകയും ചെയ്ത വേളയില്‍, ശ്രീലങ്കന്‍ ജനതയ്ക്കൊപ്പം നില്‍ക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിട്ട് ഞായറാഴ്ച 100 ദിവസം തികയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതും അഴിമതിയും ധൂര്‍ത്തുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ശ്രീലങ്കക്കാര്‍ പറയുന്നു. പ്രസിഡന്‍റിന്‍റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും ഇവര്‍ കൈയ്യേറിയിരുന്നു. കൊളംബോയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്.ഈ സാഹചര്യത്തില്‍ രാജ്യം വിട്ട പ്രസിഡന്‍റ് ഗോതബായ രാജപക്സ വിദേശത്തുവച്ച് രാജി പ്രഖ്യാപിച്ചു. ഇടക്കാല പ്രസിഡന്‍റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ചുമതലയേറ്റു. ഇതും പ്രക്ഷോഭകര്‍ തള്ളി. തുടര്‍ന്ന് പുതിയ പ്രസിഡന്‍റിനെ കണ്ടെത്താന്‍ പാര്‍ലമെന്‍റ് ഒരുങ്ങുകയാണ്. അടുത്താഴ്ചയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ വോട്ട് ചെയ്യുക. പൊതു തിരഞ്ഞെടുപ്പിലൂടെ അല്ലാതെ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍ പോകുന്നത് ആദ്യമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.