ശ്രീലങ്കക്ക് ഐ.എം.എഫ് സഹായം

Gulf World

2.9 ബില്യണ്‍ ഡോളറിന്‍റെ പദ്ധതിക്ക് അംഗീകാരം

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയെ രക്ഷിക്കാന്‍ 2.9 ബില്യണ്‍ ഡോളറിന്‍റെ പദ്ധതിക്ക് അംഗീകാരം നല്‍കി ഇന്‍റര്‍നാഷണല്‍ മോനിറ്ററി ഫണ്ട്.ഐ.എം.എഫ് ബോര്‍ഡാണ് ദ്വീപുരാഷ്ട്രത്തിന് 2.9 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ തീരുമാനിച്ചത്.
ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള പദ്ധതി നാല് വര്‍ഷം കൊണ്ടാവും ഐ.എം.എഫ് നടപ്പാക്കുക. ശ്രീലങ്ക കൂടുതല്‍ നികുതി പരിഷ്കാരം നടപ്പിലാക്കണമെന്ന് ഐ.എം.എഫ് മാനേജിങ്ങ് ഡയര്‍ക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. രാജ്യത്തെ പാവങ്ങള്‍ക്കായി കൂടുതല്‍ സാമൂഹ്യസുരക്ഷ പദ്ധതികള്‍ കൊണ്ടു വരണം. അഴിമതി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കി.ലങ്കന്‍ പ്രതിസന്ധിക്കുള്ള പ്രധാന കാരണം അഴിമതിയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം വായ്പ നല്‍കിയ ഐ.എം.എഫിനോടും മറ്റ് അന്താരാഷ്ട്ര സുഹൃത്തുക്കളോടും നന്ദി പറയുകയാണെന്ന് ലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണത്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇത്.വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്‍പ്പടെ ഇടിവുണ്ടായതോടെ പെട്രോളിയം ഉല്‍പന്നങ്ങളുടേതടക്കം ഇറക്കുമതി പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കണമെന്ന് ശ്രീലങ്ക ഐ.എം.എഫിനോട് അഭ്യര്‍ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *