പാലക്കാട്: ആര് എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.ഉപയോഗിച്ച ആയുധങ്ങളും അവ ഒളിപ്പിച്ച സ്ഥലങ്ങളും ഒളിവില്‍ കഴിഞ്ഞ ഇടങ്ങളും വ്യക്തമാകേണ്ടതുണ്ട്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയുള്പ്പടെയുളളവരുമായി തെളിവെടുപ്പ് നടത്തുമ്പോള്‍ ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.കൂടുതല്‍ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ന് പുതിയ അറസ്റ്റ് ഉണ്ടാകാനിടയില്ലെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന് , ഫിറോസ് , കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷില്‍ , ബാസിത് എന്നിവരുള്‍പ്പടെ 13 പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റുചെയ്തത്.അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകള്‍ക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങള്‍ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വച്ചാണ് ആയുധങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയതെന്നാണ് എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സുബൈര്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചേക്കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതികളുമായി കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും