വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്
ബംഗലൂരു: വിവാദ പരാമര്‍ശത്തില്‍ ബംഗലൂരു നോര്‍ത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. തമിഴ്നാട്ടില്‍ നിന്ന് ആളുകള്‍ ബംഗലൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമര്‍ശത്തിലാണ് നടപടി. രാമേശ്വരം കഫെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരം പരാമര്‍ശമുണ്ടായത്.
കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡി.എം.കെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭ കരന്തലജെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇത് വലിയ രീതിയില്‍ വിവാദമായതോടെ ഇവര്‍ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിരുന്നു. വിദ്വേഷ പ്രസ്താവനയില്‍ ശോഭ കരന്തലജെക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു. മധുര പൊലീസ് ആണ് കേസെടുത്ത്.
അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്ന് ആണുങ്ങള്‍ കര്‍ണാടകയിലെത്തുന്നത് അവിടെയുള്ള പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നായിരുന്നു ശോഭയുടെ കേരളത്തെ കുറിച്ചുള്ള വിദ്വേഷ പരാമര്‍ശം.