ന്യൂഡെല്‍ഹി: പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് 40,000 ടന്‍ ഡീസല്‍ അയയ്ക്കാന്‍നുള്ള തയാറെടുപ്പില്‍ ഇന്ത്യ.500 മില്യന്‍ ഡോളര്‍ വായ്പയ്ക്ക് പുറമെയാണ് അടിയന്തരമായി ഡീസല്‍ നല്‍കാനുള്ള ശ്രീലങ്കയുടെ അഭ്യര്‍ഥനയ്ക്ക് ഇന്ത്യ അനുകൂല തീരുമാനം അറിയിച്ചത്.സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ശ്രീലങ്കയിലേക്ക് 40,000 ടന്‍ ഡീസല്‍ ഉടന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ശ്രീലങ്കയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ അയക്കാന്‍ ധാരണയായിരുന്നു. അതിന് പുറമെയാണ് ഇപ്പോഴത്തെ ഡീസല്‍ കയറ്റുമതി.
റഷ്യ യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഇന്ധനവിലയില്‍ തടസങ്ങളും വര്‍ധനയും ഉണ്ടായിട്ടും ഡീസല്‍ അധിക വിതരണത്തിനുള്ള ശ്രീലങ്കയുടെ അഭ്യര്‍ഥന ഇന്ത്യ അംഗീകരിക്കുകയായിരുന്നു എന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രീലങ്കയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് അഭ്യര്‍ഥന നടത്തിയതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഗണ്യമായ ആഭ്യന്തര ആവശ്യങ്ങള്‍ കണക്കിലെടുത്ത് ശ്രീലങ്കയ്ക്കുള്ള ചരക്ക് ഒരുമിച്ച് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ധന ചരക്കുകള്‍ക്കുള്ള ഷിപിംഗ് ക്രമീകരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം എണ്ണ മന്ത്രാലയവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വിഷയത്തോട് പ്രതികരിച്ചിട്ടില്ല.