ശീനഗറില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

Top News

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ശ്രീനഗര്‍ പന്താചൗകില്‍ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്.ഇവര്‍ ഡിസംബര്‍ ആദ്യം പൊലീസ് ബസിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നാണ് വിവരം. മൂന്ന് പൊലീസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.മരിച്ചവരില്‍ ഒരാളായ ജയ്ഷെ ഭീകരന്‍ സുഹൈല്‍ അഹ്മഗ് റഥേര്‍ ശ്രീനഗറില്‍ പൊലീസ് ബസ് ആക്രമിച്ച് മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ്. ഇതോടെ ഈ സംഭവത്തിന് പിന്നിലുളളവരെയെല്ലാം വധിച്ചതായി സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത് ഏറ്റുമുട്ടലാണിത്. അനന്ത്നാഗിലും കുല്‍ഗാം ജില്ലയിലുമായിരുന്നു മറ്റ് രണ്ട് ഏറ്റുമുട്ടലുകളും.
ഡിസംബര്‍ 13നായിരുന്നു മൂന്ന് പൊലീസുകാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അതീവസുരക്ഷാ മേഖലയിലാണ് പൊലീസ് വാഹനത്തിന് നേരെ ശക്തമായ വെടിവയ്പുണ്ടായത്. ബന്ദിപൂരയില്‍ രണ്ട് പൊലീസുകാര്‍ വെടിയേറ്റ് മരിച്ചതിന് ദിവസങ്ങള്‍ക്കകമായിരുന്നു ഈ ആക്രമണം. കഴിഞ്ഞ രണ്ട് മാസങ്ങളായി പൊലീസിന് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കുളള എല്ലാ തീവ്രവാദികളെയും ഇതോടെ വധിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *