മുംബൈ: 53 ശിവസേന എം.എല്‍.എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് മഹാരാഷ്ട്ര നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര ഭഗവത്.ഏക്നാഥ് ഷിന്‍ഡെ ഗ്രൂപ്പിലെ 39 എം.എല്‍.എമാര്‍ക്കും ഉദ്ധവ് താക്കറെ ക്യാമ്പിലെ 14 എം.എല്‍.എമാര്‍ക്കുമാണ് നോട്ടീസ് അയച്ചത്. വിപ്പ് ലംഘിച്ചതിന് ഇരുവിഭാഗങ്ങളും നല്‍കിയ പരാതിയിലാണ് നടപടി.ഏഴു ദിവസത്തിനകം എം.എല്‍.എമാര്‍ നോട്ടീസിന് മറുപടി നല്‍കണം. ജൂലൈ മൂന്ന്, നാല് തീയതികളില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും വിപ്പ് ലംഘിച്ചുവെന്ന് ഇരുപക്ഷങ്ങളും ആരോപിക്കുകയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ഷിന്‍ഡെ പക്ഷം നല്‍കിയ പരാതിയില്‍ ആദിത്യ താക്കറയുടെ പേര് ഉള്‍പ്പെടാത്തതിനാല്‍ അദ്ദേഹത്തെ നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വിമത നീക്കത്തിനൊടുവില്‍ ജൂണ്‍ 30നാണ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലു ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസ വോട്ടെടുപ്പില്‍ 288ല്‍ 164 വോട്ടുകള്‍ നേടി വിജയിക്കുകയും ചെയ്തു. എതിര്‍പക്ഷത്തിന് 99 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഷിന്‍ഡെയുള്‍പ്പടെ 16 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.