തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച് ബഹളം തുടങ്ങി. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചു. എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി.
ശിവന്‍കുട്ടി രാജി വയ്ക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉറച്ചുനിന്നത്. വിചാരണയുടെ പേരില്‍ ശിവന്‍കുട്ടി രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചശേഷം സഭാ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പടുത്തി. സുപ്രീം കോടതി രാജ്യത്തിന്‍റെ വിധിയാണ്.
മുഖ്യമന്ത്രി കോടതി വിധിയെ അവഹേളിക്കുകയാണ്. മന്ത്രി വിചാരണ നേരിടണമെന്ന കോടതി ഉത്തരവ് കേരളത്തിന് നാണക്കേടാണ്. എന്നിട്ടും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. കോടതി ശിക്ഷിച്ചാല്‍ മാത്രം രാജിയെന്ന വാദം തെറ്റാണെന്നും സതീശന്‍ പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു.കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയടക്കം ആറ് പ്രതികളാണ് ഉള്ളത്. മുന്‍ മന്ത്രിമാരായ കെ.ടി.ജലീല്‍, ഇ.പി.ജയരാജന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 2015ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം.മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
