ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ടുമരണം. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.12 പേര്‍ക്ക് പരിക്കേറ്റു.
അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം പടക്കനിര്‍മാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. ഫാക്ടറി ലൈസന്‍സോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
സുദര്‍ശന്‍ എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ കെട്ടിടത്തിലെ ഏഴ് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. മറ്റ് മുറികളില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.